ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എം ശിവശങ്കർ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെങ്കിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കസ്റ്റംസ്

Shivshankar admitted in hospital- Indication that he may be arrested

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടു പോകുന്നതിനിടെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് കൂടുതൽ പരിശോധനക്ക് വിധേയമാക്കിയേക്കും. ആരോഗ്യനില തൃപ്തികരമെങ്കിൽ കസ്റ്റംസ് തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് സൂചന. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന് ഉയർന്ന രക്തസമ്മർദ്ധവും ഇസിജിയിൽ നേരിയ വ്യതിയാനവും ഉള്ളതായി ഇന്നലെ പുറത്തു വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വീണ്ടും ഇസിജി പരിശോധനയും വേണ്ടി വന്നാൽ ആൻജിയോഗ്രാമും നടത്തുമെന്നാണ് റിപ്പോർട്ട്. മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായാൽ ആശുപത്രിയിൽ നിന്നു തന്നെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടു പോകുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു ശിവശങ്കറിനെ തേടി കസ്റ്റംസ് അപ്രതീക്ഷിതമായെത്തിയത്. നേരത്തെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതിനു പകരം ഉടൻ കൂടെ ചെല്ലാൻ ആവശ്യപെടുകയും കസ്റ്റംസിന്റെ ഔദ്യോഗിക കാറിൽ കൂട്ടി കൊണ്ടു പോകുകയുമായിരുന്നു.

പുതിയ കേസ് രജിസ്റ്റർ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. കോടതിയെ സമീപിക്കുന്നതിനുള്ള സാവകാശം നൽകാത്ത വിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകിട്ട് കോടതി സമയം കഴിഞ്ഞ ശേഷമാണ് കസ്റ്റംസ് എത്തിയത്. വരുന്ന രണ്ട് ദിവസം കോടതി അവധിയുമാണ്. ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ് ആശുപത്രി അധികൃതർ കസ്റ്റംസിനെ അറിയിച്ചത്.

Content Highlights; Shivshankar admitted in hospital- Indication that he may be arrested