കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയായ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് ഓക്സിജൻ കിട്ടാതെയാണ് മരിച്ചതെന്ന ശബ്ദസന്തേശം അയച്ച കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫിസർ ജലജകുമാരിയെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായാണ് ഓഫീസറെ സസ്പെൻഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ ഷെെലജ അറിയിച്ചു. കേന്ദ്ര സംഘത്തിൻ്റെ സന്ദർശനത്തിന് മുന്നോടിയായി നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജലജകുമാരി കെെമാറിയെന്ന് പറയുന്ന ശബ്ദ സന്തേശത്തിലാണ് ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിരുന്നത്. അശ്രദ്ധകാരണം പല രോഗികളുടേയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സന്തേശത്തിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹെെബി ഈഡൻ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. വാർഡുകളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്സുമാരുണ്ടെന്നും അവർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരത്തിൽ ഒരു ശബ്ദ സന്തേശം അയച്ചതെന്നും ജലജകുമാരി പറഞ്ഞു. ഹാരിസിൻ്റെ മരണത്തിൽ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നുവെന്നും അധികൃതരുടെ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്നും ഹാരിസിൻ്റെ ബന്ധുക്കൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
content highlights: COVID-19 patient dies due to lack of oxygen: Nursing officer suspended