മൂന്ന് മാസം കൂടി മോശം സാഹചര്യം; കൊവിഡിന്റെ ഏറ്റവും ഇരുണ്ട മാസങ്ങളെന്ന് യുഎസ് വിദഗ്ധന്‍

വാഷിങ്ടണ്‍: വരാനിരിക്കുന്ന മൂന്ന് മാസം കൊവിഡിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടമെന്ന് യുഎസ് വിദഗ്ധന്‍ പ്രൊഫസര്‍ ഡോ. മിഷേല്‍ ഓസ്റ്റെര്‍ഹോം. വാക്‌സിന്‍ എന്ന പ്രതീക്ഷ വിദൂരത്തല്ലെങ്കിലും അതത്ര അടുത്തല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കുറഞ്ഞത് മൂന്ന് മാസം കൂടി മോശം സാഹചര്യങ്ങളില്‍ തുടരേണ്ടി വരുമെന്ന് മിന്നസോട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡോ. മിഷേല്‍ പ്രതികരിച്ചു.

യുഎസിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയുള്ള പ്രതികരണമായിരുന്നു ഡോ. മിഷേല്‍ നടത്തിയത്. യുഎസിലെ കൊവിഡ് സ്ഥിതിഗതികള്‍ മോശമായത് ജൂലൈ മാസത്തിലായിരുന്നെന്നും അന്നത്തെ കൊവിഡ് കേസുകളുടെ എണ്ണത്തോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിലാണ് ഈ ആഴ്ച്ചയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 ന്റെ ആദ്യപാദത്തില്‍ തന്നെ കൊവിഡ് വാക്‌സിന്‍ ജനങ്ങളിലെത്തുമെന്നത് ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇനിയും പലയിടങ്ങളിലും കൊവിഡ് രൂക്ഷമാകുമെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് ആശങ്കയായി വിദഗ്ധരുടെ കണ്ടെത്തല്‍. ആഘോഷ വേലകള്‍ അടുക്കുന്ന അടുത്ത മാസങ്ങളില്‍ ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന ആശങ്ക നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) അറിയിച്ചിരുന്നു.

Content Highlight: Experts warns next three months are darkest days of Covid