വാളയാർ കേസ് നടത്തിപ്പിനും അന്വേഷണത്തിനും വീഴ്ച പറ്റിയെന്ന് സർക്കാർ ഹെെക്കോടതിയിൽ അറിയിച്ചു. പുനർവിചാരണ നടത്തണമെന്നും ആവശ്യമെങ്കിൽ തുടരന്വേഷണം നടത്താൻ തയ്യാറാണെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കി. 13ഉം 9ഉം വയസുള്ള പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട പാലക്കാട് സെഷൻസ് കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് സർക്കാർ അപ്പീൽ നൽകിയത്. സെഷൻസ് കോടതി വിധി റദ്ദാക്കി കൂടുതൽ അന്വേഷണം നടത്തി പുനർവിചാരണയ്ക്ക് അനുമതി നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോക്സോ കോടതി നാല് പ്രതികളെ വെറുതെ വിട്ടത്. കേസിൽ സർക്കാർ നൽകിയ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹെെക്കോടതി അറിയിച്ചിട്ടുണ്ട്. അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് പരിഗണിച്ചത്. നവംബർ 9ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച അപ്പീലും ഇതിനോടൊപ്പം പരിഗണിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. ഇതിനെതിരെ നവംബറിലായിരുന്നു സർക്കാർ ആദ്യം അപ്പീൽ സമർപ്പിച്ചത്.
content highlights: govt approaches the High Court for further investigation in walayar case