3 ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ; കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹോദരിമാർക്ക് വീട് കെെമാറി

Rahul Gandhi arrives in Kerala

മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ 11.50ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്ന് ദിവസം വയനാട് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. വിമാനത്താവളത്തിൽ നിന്നും നേരെ മലപ്പുറം കളക്ട്രേറ്റിലെത്തിയ രാഹുൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് ഔദ്യോഗിക സന്ദർശനത്തിന് തുടക്കമിട്ടത്.

പിന്നാലെ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹോദരിമാർക്ക് നിർമ്മിച്ച് നൽകിയ വീടിൻ്റെ തക്കോൽദാനം നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് വയനാട് കളക്ട്രേറ്റിൽ നടക്കുന്ന കൊവിഡ് പ്രതിരോധ യോഗത്തിലും 11.30ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല വികസന കോ-ഓർഡിനേഷൻ യോഗത്തിലും പങ്കെടുക്കും. കൊവിഡ് പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് പ്രത്യേക സ്വീകരണ പരിപാടികൾ ഉൾപ്പെടെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം ഹസൻ, മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. 21ന് മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം 3.20ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകും. അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും. 

content highlights: Rahul Gandhi arrives in Kerala