എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

CPM suspends local leader over Flag hoisting issue

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷിക ദിനത്തിൽ എസ്എൻഡിപിയുടെ കൊടിമരത്തിൽ സിപിഎം പതാക ഉയർത്തിയതിന് ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ല പെരുവന്താനം ഗ്രാമപഞ്ചായത്തിൽ  561ാം നമ്പർ ശാഖയുടെ പ്രാർത്ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയർത്തിയത്. പെരുവന്താനം ലോക്കൽ സെക്രട്ടറി എം. ബിജുവാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. സംഭവം വിവാദമായതോടെ ബിജു പരസ്യക്ഷമാപണം നടത്തി. പാർട്ടി നിർദ്ദേശപ്രകാരം പിന്നീട് ഇയാൾ സെക്രട്ടറി സ്ഥാനം രാജിവെച്ചു. പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഏരിയ കമ്മിറ്റി അറിയിച്ചു.

പതാക ഉയർത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സിപിഎം നേതാക്കൾ എസ്എൻഡിപി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും ലോക്കൽ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്നും എസ്എൻഡിപി ആവശ്യപ്പെട്ടു. തുടർന്ന് ബിജു ശാഖ സെക്രട്ടറി കെ.ടി രവിയ്ക്ക് മാപ്പപേക്ഷ എഴുതിനൽകി. ഹെെറേഞ്ച് യൂണിയൻ ഓഫീസിൽ നേരിട്ടെത്തി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

content highlights: CPM suspends local leader over Flag hoisting issue