കമലാരിസിനെ ദുര്‍ഗ ദേവിയായി ചിത്രീകരിച്ച് ട്വീറ്റ്; ഹിന്ദുക്കളെ വേദനിപ്പിച്ചെന്ന് യുഎസിലെ ഹിന്ദു സംഘടനകള്‍

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ ദുര്‍ഗ ദേവിയായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധവുമായി യുഎസിലെ ഹിന്ദു സംഘടനകള്‍. ദുര്‍ഗ ദേവിയെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ വേദനിപ്പിച്ചെന്നായിരുന്നു സംഘടനയുടെ പ്രതികരണം. ദുര്‍ഗ ദേവിയായി ചിത്രീകരിച്ചിരിക്കുന്ന കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെ ദേവിയുടെ വാഹനമായ സിംഹമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

കമല ഹാരിസിന്റെ അനന്തരവള്‍ തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. പ്രതിഷേധം ഉയര്‍ന്നതോടെ ചിത്രം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കു്‌നനുണ്ട്. സംഭവത്തില്‍ പോസ്റ്റ് ഇട്ട മീനയുടെ ക്ഷമാപണം ആവശ്യപ്പെട്ടാണ് ഹിന്ദു സംഘടന രംഗത്തു വന്നത്. ഇതോടെ ഹിന്ദു അമേരിക്കന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന എച്ച്.എഫ്.എ. മതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഹിന്ദുക്കളെ പരിഹസിച്ച് കൊണ്ട് വോട്ട് നേടാമെന്ന് കരുതുന്നുണ്ടെങ്കില്‍ ഒന്നു കൂടി ചിന്തിക്കണമെന്നായിരുന്നു ഹിന്ദു സംഘടനകളുടെ മറുപടി. ചിത്രം അങ്ങേയറ്റം കുറ്റകരവും ഹിന്ദുക്കളെ അപമാനിക്കുന്നതുമാണെന്നും അവര്‍ പ്രതികരിച്ചു. അഭിഭാഷകയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവും ഫിലമെനല്‍ വുമണ്‍ ആക്ഷന്‍ ക്യാമ്പെയിന്റെ സ്ഥാപകയുമാണ് പോസ്റ്റ് പ്രചരിപ്പിച്ച മീന ഹാരിസ്.

Content Highlight: Hindu Groups seek apology to present Kamala Harris as Goddess Durga