കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയെക്കുറിച്ച് വിമർശനമുന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെതിരെ രാഹുൽ ഗാന്ധി. കൊവിഡിനെതിരെ പോരാടുന്ന കേരളത്തിന് വീഴ്ചയുണ്ടായെന്ന മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം ഒരുമിച്ച് നിന്നാണ് കൊവിഡിനെതിരെ പോരാടുന്നത്. അതിൽ ഒരു ഭാഗം മാത്രം നോക്കി കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും രാഹുൽ പറഞ്ഞു. കേരളത്തിലും വയനാട്ടിലും കൊവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധി കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനേയും രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തി കളിയ്ക്കുമ്പോൾ കൊവിഡ് കേരളത്തിൽ പടരുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച പറ്റിയെന്നും കേരളത്തിൻ്റെ വീഴ്ചകളിൽ നിന്ന് പാഠമുൾക്കൊണ്ട് മറ്റ് സംസ്ഥാനങ്ങൾ പ്രവർത്തിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ സൺഡേ സംവാദ് പരിപാടിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സാമൂഹ്യസുരക്ഷാ മിഷൻ ഡയറക്ടർ മുഹമ്മദ് അഷീൽ ഉൾപ്പെടെ ഉള്ളവർ രംഗത്തെത്തിയിരുന്നു. ഹർഷ വർധൻ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അഷീൽ ആരോപിച്ചത്. എന്നാൽ ഉത്സവസീസണിലുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്രമന്ത്രി ചെയ്തതെന്നും സംസ്ഥാനത്തെ അദ്ദേഹം വിമർശിച്ചിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രി കെ. കെ. ഷെെലജ പറഞ്ഞത്.
content highlights: Rahul Gandhi’s response on harsh Vardhan remark on Kerala defense against covid