സാലറി കട്ട് ഒഴിവാക്കും; പിടിച്ച തുക അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാലറി കട്ട് റദ്ദാക്കാന്‍ മന്ത്രി സഭ തീരുമാനം. ഓഗസ്റ്റ് മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന സാലറി കട്ട്, സാമ്പത്തിക നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സാലറി കട്ട് റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുവരെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത തുക അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭ യോഗത്തില്‍ ധാരണയായി. ധന വകുപ്പിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് ശമ്പള മുടക്കം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്ഷേപങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ നിയമ ഭേദഗതി വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. കൂടാതെ, മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയും മന്ത്രിസഭ പരിഗണിച്ചു.

സംസ്ഥാനത്തെ 16 ഇനം പച്ചക്കറികള്‍ക്ക് തറ വില പ്രഖ്യാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മരച്ചീനി മുതല്‍ വെളുത്തുള്ളി വരെയുള്ള 16 ഇനം പച്ചക്കറികളുടെ തറ വില നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രിസഭ യോഗം അറിയിച്ചു.

Content Highlight: Cabinet Meeting decided to stop salary cut of Government employees