28.75 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി

Money fraud case against Kummanam Rajasekharan

സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുമ്മനത്തിൻ്റെ മുൻ പി.എ പ്രവീണാണ് ഒന്നാം പ്രതി. ഇന്നലെയാണ് ഹരികൃഷ്ണൻ എന്നയാൾ കുമ്മനം രാജശേഖരനും അദ്ദേഹത്തിൻ്റെ പി.എ പ്രവീണും അടക്കമുള്ളവരെ പ്രതിചേർത്ത് ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പേപ്പർ കോട്ടൺ മിക്സ് എന്ന കമ്പിനിയിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് 28 ലക്ഷം വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയിരിക്കെയാണ് സംഭവം.

പണം കെെപ്പറ്റിയ ശേഷം പാർട്ണർഷിപ്പിലേക്ക് പോയില്ലെന്നും വർഷങ്ങളോളം കാത്തിരുന്നിട്ടും നടപടികൾ ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പ്രവീണിൻ്റെ വിവാഹ ദിവസം 10,000 രൂപ കുമ്മനം തൻ്റെ പക്കൽ നിന്നും കെെ വായ്പ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ആറന്മുള പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.പി.സി 406, 420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിശ്വാസ വഞ്ചന, പണം തിരിമറി എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് സ്വദേശി വിജയൻ, സേവിയർ, ബി.ജെ.പി ആർ.ആർ.ഐ സെൽ കൺവീനർ ഹരികുമാർ, എന്നിവരാണ് മറ്റ് പ്രതികൾ. വിഷയത്തിൽ ഇതുവരെ കുമ്മനമോ പ്രവീണോ പ്രതികരിച്ചിട്ടില്ല. 

content highlights: Money fraud case against Kummanam Rajasekharan