കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം; പരാതിക്കാരന് പണം തിരികെ നൽകും

Kerala Police files FIR against Kummanam Rajasekharan, others in the cheating case

ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പ്ലാസ്റ്റിക് രഹിത പേപ്പർ കൊട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി 28.75 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കുമ്മനം രാജശേഖരനുൾപ്പെടെ 9 പേരെ പ്രതികളാക്കി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ആറന്മുള സ്വദേശി പുത്തേഴത്ത് ഇല്ലം സി ആർ ഹരികൃഷ്ണൻ്റെ പരാതിയിലായിരുന്നു നടപടി. എന്നാൽ പണം മുഴുവൻ പരാതിക്കാരന് തിരികെ നൽകാമെന്ന് സ്ഥാപന ഉടമ അറിയിച്ചെന്നാണ് റിപ്പോർട്ട്. കേസ് രാഷ്ട്രീയ വിവാദമായതോടെയാണ് പൊലീസ് സ്റ്റേഷന് പുറത്തുവെച്ച് പണമിടപാടുകൾ നടത്തി ഒത്തുതീർപ്പിനായി ശ്രമം നടക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരൻ സാമ്പത്തിക തട്ടിപ്പ കേസിൽ പ്രതിയായത് ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ സമ്മർദമുള്ളതായും വിവരമുണ്ട്. ബിജെപി നേതാക്കളുടെ തന്നെ സാന്നിധ്യത്തിൽ എത്രയും വേഗം ഇടപാടുകൾ തീർക്കാനാണ് തീരുമാനം. 

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരൻ തന്നെ രംഗത്തെത്തിയിരുന്നു. ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരൻ പാർട്ടിയിലെ തൻ്റെ അടുപ്പകാരുമായും വിഷയം ചർച്ച ചെയ്തു. കുമ്മനം രാജശേഖരനെ കേസിലേക്ക് വലിച്ചിഴച്ചതാണെന്ന് പ്രതിയും കുമ്മനത്തിൻ്റെ മുൻ പിഎയുമായ പ്രവീൺ വി.പിള്ള പ്രതികരിച്ചിരുന്നു. കുമ്മനം മിസോറാം ഗവർണർ ആയിരിക്കുമ്പോൾ ഓഫീസ് സ്റ്റാഫ് ആയിരുന്ന സേവ്യറാണ് കേസിലെ മറ്റൊരു പ്രതി. ബിജെപി ഐടി സെൽ കൺവീനറായ ഹരിയും പ്രതിപട്ടികയിലുണ്ട്. 

content highlights: Kerala Police files FIR against Kummanam Rajasekharan, others in the cheating case