ദുര്‍ഗാ ദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണം: പ്രധാനമന്ത്രി

കൊല്‍ക്കത്ത: ദുര്‍ഗാ ദേവിക്ക് ജനങ്ങള്‍ നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുര്‍ഗ ദേവിയെ ശക്തിയുടെ പ്രതീകമായി കണ്ട് ആരാധിച്ചിരുന്നെന്നും, സ്ത്രീ ശാക്തീകരണമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞു. ബംഗാള്‍ ജനതയെ ദുര്‍ഗ പൂജയുടെ വേളയില്‍ അഭിസംബോധന ചെയ്യാന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നതുമുതല്‍ 22 കോടി സ്ത്രീകള്‍ക്ക് മുദ്ര യോജനയില്‍ സോഫ്റ്റ് ലോണ്‍ നല്‍കുന്നത്, ബേട്ടി ബച്ചാവോ-ബേട്ടി പാഠാവോ സംരംഭം, സായുധ സേനയിലെ സ്ത്രീകള്‍ക്ക് സ്ഥിരമായ കമ്മീഷന്‍ അനുവദിക്കുക, പ്രസവാവധി 12 മുതല്‍ 26 ആഴ്ച വരെ നീട്ടുക തുടങ്ങി അവരുടെ ശാക്തീകരണത്തിനായി നിരവധി നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലഘട്ടത്തില്‍ പരിമിതികളുടെ നടുവിലാണ് ദുര്‍ഗ പൂജ ആചരിക്കുന്നതെങ്കിലും ഉത്സാഹം ഇപ്പോഴും പരിതിയില്ലാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 20 മിനിറ്റിലധികം നീണ്ട പ്രസംഗത്തില്‍ കൊവിഡ് കാലമായതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlight: PM Narendra Modi address Bengal on Durga Puja