കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ചെന്ന് ട്രംപ്, ഇല്ലെന്ന് ബൈഡന്‍; ചൂടേറ്റി അവസാനവട്ട സംവാദം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനവട്ട സംവാദത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും. കൊവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടത്താനായെന്ന ട്രംപിന്റെ വാക്കുകള്‍ക്ക്, കൊവിഡിനെ എങ്ങനെ നേരിടണമെന്ന വ്യക്തമായ കാഴ്ച്ചപ്പാട് പോലും ട്രംപിന് ഉണ്ടായിരുന്നില്ലെന്നാണ് ജോ ബൈഡന്റെ വിമര്‍ശനം.

ട്രംപിന് ചൈനയില്‍ രഹസ്യ ബാങ്ക് ഉണ്ടെന്നും നികുതി അടക്കുന്നതില്‍ ട്രംപ് പരാജയമാണെന്നും ബൈഡന്‍ തുറന്നടിച്ചു. വിദ്യഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി പണം ചെലവഴിക്കുന്നതിന്‍ ട്രംപ് ഭരണകൂടത്തിന് വിജയിക്കാനായില്ലെന്നും ബൈഡന്‍ പറഞ്ഞു. അതിര്‍ത്തികള്‍ അടക്കുന്നതിനെ എതിര്‍ത്ത ബൈഡന്‍, രാജ്യത്തിന് വേണ്ടത് ബൃഹത്തായ സമ്പദ്ഘടനയാണെന്നും പറഞ്ഞു. ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ തയാറാകുമെന്ന ട്രംപിന്റെ വാദത്തിനെയും ബൈഡന്‍ വിമര്‍ശിച്ചു.

അതേസമയം, ബൈഡനും മകനും ചൈനയില്‍ നിന്നും ഇറാഖില്‍ നിന്നും പണം സമ്പാദിച്ചെന്ന് പറഞ്ഞാണ് ബൈഡനെതിരെ ട്രംപ് ആരോപണമുയര്‍ത്തിയത്. ചൈനയിലെ തന്റെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ തന്നെ അക്കൗണ്ടും അവസാനിപ്പിച്ചിരുന്നെന്ന് ചൈനയിലെ ബാങ്ക് അക്കൗണ്ടിനെ വിമര്‍ശിച്ച ബൈഡന് ട്രംപ് മറുപടി നല്‍കി. അടുത്ത മാസമാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Content Highlight: Donald Trump and Joe Biden face to face on last stage of Election campaign