വിലക്കയറ്റം തടയാന്‍ നടപടിയുമായി സര്‍ക്കാര്‍; നാഫെഡ് വഴി ഇറക്കുമതി ചെയ്യുന്നത് 200 ടണ്‍ സവാള

തിരുവനന്തപുരം: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സവാളയുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇറക്കുമതി കൂട്ടി വിലക്കയറ്റം തടയാനുള്ള വഴികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി മഹാരാഷ്ട്രയില്‍ നിന്ന് നാഫെഡ് വഴി ഇറക്കുമതി ചെയ്ത ആദ്യ ലോഡ് സവാള തിരുവനന്തപുരത്ത് എത്തി. 25 ലോഡ് സവാളയാണ് ആദ്യഘട്ടത്തില്‍ എത്തിയത്.

നാഫെഡ് വഴി 200 ടണ്‍ സവാള മഹാരാഷ്ട്രയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ 75 ടണ്‍ കേരളത്തിലെത്തിക്കും. കിലോയ്ക്ക് 45 രൂപ നിരക്കില്‍ വില്‍ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ മൂലം വിളനാശം സംഭവിച്ചതും ശേഖരം നശിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായത്. സവാളയ്്കും ചുവന്ന ഉള്ളിക്കും രാജ്യമാകെ വില ഉയര്‍ന്നിരുന്നു.

വില വ്യാപകമായി ഉയര്‍ന്നതോടെ കേന്ദ്രം കയറ്റുമതി റദ്ദാക്കുകയും വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്ത വിപണിയായ നാസിക് ലസല്‍ഗാവില്‍ കിലോഗ്രാമിന് 70 രൂപ വരെയാണ് വില ഉയര്‍ന്നത്. ദിവസവും പത്ത് രൂപ വരെയാണ് സവാളയ്ക്കും ഉള്ളിയ്ക്കും ഉയരുന്നത്. വില പിടിച്ചു നിര്‍ത്താന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍.

Content Highlight: Kerala Government increase import of Onion amid onion price hike