‘വാക്സിൻ ജീവൻ രക്ഷിക്കാനുള്ള മരുന്നാണ്, അല്ലാതെ വാരിവിതറാനുള്ള വാഗ്ദാനമല്ല’; സൗജന്യ കൊവിഡ് വാക്സിൻ വാഗ്ദാനത്തിനെതിരെ വിമർശനവുമായി കമൽ ഹാസൻ

Kamal Haasan criticizes free covid vaccine offer

കൊവിഡ് വാക്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് നടനും മക്കൾ നീതി മയം നേതാവുമായ കമൽ ഹാസൻ രംഗത്ത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ പ്രസ്താവനക്കെതിരെയാണ് താരം രംഗത്തെത്തിയത്.

ഇതു വരെയും കണ്ടുപിടിക്കാത്ത വാക്സിന്റെ പേരിലാണ് ദുഷിച്ച വാഗ്ദാനം നൽകുന്നതെന്നും വാക്സിൻ ജീവൻ രക്ഷിക്കാനുള്ള മരുന്നാണ് അല്ലാതെ വാരിവിതറാനുള്ള വാഗ്ദാനമല്ല എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കമൽഹാസൻ പറയുന്നത്. ജനങ്ങളുടെ ദാരിദ്രം വെച്ചു കളിക്കുന്നത് ബിജെപിയുടെ പതിവാണ്. അവരുടെ ജീവിതം വച്ചു കൂടി കളിക്കാൻ തുടങ്ങിയാൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതം ജനങ്ങൾ തീരുമാനിക്കുമെന്നും കമൽ ഹാസൻ കുറിച്ചു.

ബിഹാറിൽ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയതിനു പിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയും സൗജന്യ വാക്സിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങളുടേയും കൊവിഡ് വാക്സിനുള്ള ചിലവ് ഗവൺമെന്റ് വഹിക്കുമെന്നാണ് പളനിസ്വാമി പ്രഖ്യാപിച്ചത്.

Content Highlights; Kamal Haasan criticizes free covid vaccine offer