കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം അടുത്ത ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. കെ ഷെെലജ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിൻ്റെ മുഖം വരുന്ന ഭാഗത്തിൻ്റെ കവറിൻ്റെ സിബ് തുറന്ന് മുഖം കാണാനുള്ള അവസരം നൽകും. മരണമടഞ്ഞാൽ മൃതദേഹത്തിൽ നിന്ന് വളരെപ്പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ മൃതദേഹം നേരിട്ട് കാണാനോ സംസ്കരിക്കാൻ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് മരിച്ച ആളിൻ്റെ മൃതദേഹം അടുത്ത നിന്ന് കാണരുത്. ഒരു കാരണവശാലും മൃതദേഹം സ്പർശിക്കുവാനോ കുളിപ്പിക്കുവാനോ ചുംബിക്കുവാനോ പാടില്ല. നിശ്ചിത അകലം പാലിച്ച് മതഗ്രസ്ഥങ്ങൾ വായിക്കുക. മൃതദേഹത്തിൽ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തിൽ കുഴിയെടുത്ത് സംസ്കരിക്കേണ്ടതാണ്. ഇതിനുള്ള മേൽനോട്ടം അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നേരിട്ട് നിർവഹിക്കേണ്ടതാണ്.
കൊവിഡ് ബാധിച്ച രോഗി മരിച്ചാൽ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാർ മൃതദേഹം ട്രിപ്പിൾ ലെയർ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹവുമായി സമ്പർക്കം പുലർത്തുന്നവർ പി.പി.ഇ കിറ്റ് ധരിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്കാര ചടങ്ങുകൾ പൂർത്തിയായതിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രെക്ച്ചറും അണുവിമുക്തമാക്കണം.
ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ കാര്യങ്ങൾ കൃതമായി രേഖപ്പെടുത്തി വെയ്ക്കണം. ജീവനക്കാർ കെെകൾ വൃത്തിയാക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ കൃതമായി പാലിച്ചിരിക്കണം. സംസ്കാരത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരാണെന്നും ആരോഗ്യ വകുപ്പിൻ്റെ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
content highlights: spacial guidelines for covid death procedures