വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടിട്ട് ഇന്നേക്ക് ഒരു വർഷം; നീതി ആവശ്യപ്പെട്ട് വീട്ടുമുറ്റത്ത് രക്ഷിതാക്കളുടെ സമരം

parents of walayar children starts strike on their house

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ വീണ്ടും സമരത്തിലേക്ക്. ഇന്ന് മുതൽ ഏഴ് ദിവസം വീടിനു മുന്നിൽ സമരമിരിക്കുമെന്ന് കുടുംബം അറിയിച്ചു. പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധി വന്ന ഒന്നാം വാർഷികത്തിലാണ് മാതാപിതാക്കളുടെ സത്യാഗ്രഹം വീട്ടുമുറ്റത്ത് ആരംഭിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിലുള്ള പുനരന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം സമരമിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് വാളയാർ കേസിലെ മൂന്ന് പ്രതികളേയും തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കോടതി വെറുതെവിട്ടത്. പ്രോസിക്യൂഷൻ്റെ പരാജയം ആരോപിച്ച് പിന്നീട് ഒരു വർഷക്കാലം വാളയാർ വിഷയത്തിൽ നിരവധി സമരങ്ങളാണ് നടന്നത്. പോക്സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ അടുത്തയാഴ്ച ഹെെക്കോടതി വാദം തുടങ്ങാനിരിക്കെയാണ് മാതാപിതാക്കൾ ഇന്ന് സമരം തുടങ്ങിയിരിക്കുന്നത്. 

52 ദിവസത്തിൻ്റെ വ്യത്യാസത്തിലാണ് വാളയാറിൽ രണ്ട് പെൺകുട്ടികളെ സമാനമായ രീതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത പെൺകുട്ടിയെ 2017 ജനുവരി 13നാണ് വീട്ടിലെ മുറിയിൽ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രണ്ടാമത്തെ പെൺകുട്ടിയെ മാർച്ച് നാലിനും അതേ മുറിയിൽ ഉത്തരത്തിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

content highlights: parents of walayar children starts strike on their house