കൊവിഡ് കാലത്തെ ആദ്യ വലിയ തെരഞ്ഞെടുപ്പിനൊരുങ്ങി ബിഹാര്‍; ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നു

പട്‌ന: കൊവിഡ് കാലത്തെ രാജ്യത്തെ ആദ്യ വലിയ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബിഹാര്‍. ആദ്യവട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കുടിയേറ്റ തൊഴിലാളി വിഷയം കൈകാര്യം ചെയ്ത രീതിയും തൊഴിലില്ലായ്മയും നിതീഷ് കുമാറിന് തലവേദന സൃഷ്ടിക്കുമ്പോള്‍, തേജസ്വി യാദവിന് മഹാസഖ്യ വോട്ടര്‍മാരുടെ താരമാകാന്‍ കഴിഞ്ഞിട്ടുണ്ട്.

നിതീഷിന്റെ ചിത്രം പാര്‍ട്ടി പോസ്റ്ററുകളില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. അതിനിടെ ബിജെപി സ്വന്തം സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള തിരക്കിലാണ്. എന്നാല്‍ നിതീഷ് കുമാരിന്റെ ചിത്രം പോസ്റ്ററില്‍ നിന്ന് നീക്കിയെന്നതില്‍ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സജ്ഞയ് ജസ്വാളിന്റെ അഭിപ്രായം. തേജസ്വിക്ക് പിന്തുണയേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഫലം തെളിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

തേജസ്വി യാദവിന് തല്‍ക്കാലം മഹാസഖ്യ വോട്ടര്‍മാരുടെ താരമാകാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. യുവാക്കളുടെ പിന്തുണ നേടാന്‍ തേജസ്വിക്ക് കഴിയുന്നുവെന്നതും ആര്‍ജെഡിക്ക് ആശ്വാസം നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് ഉയര്‍ത്തിക്കാണിക്കാനാണ് തേജസ്വിയുടെ ശ്രമം. പ്രകടന പത്രികയിലും സംസ്ഥാനത്തെ യുവാക്കള്‍ക്ക് പത്ത് ലക്ഷം സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനമാണ് തേജസ്വി യാദവ് നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച്ചയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നിങ്ങളെ മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

Content Highlight: Bihar get ready for Election