രാജ്യത്തിൻ്റെ കൊവിഡ് ട്രാക്കിങ് സംവിധാനം എന്ന പേരിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും പല സന്ദർഭങ്ങളിൽ നിർബന്ധിതമാക്കുകയും ചെയ്ത മൊബെെൽ ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ കെെവശമില്ലെന്ന് കേന്ദ്ര സർക്കാർ. വിവരാവകാശ പ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് ആരാണ് ആപ്പ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്ന് സർക്കാർ പറയുന്നത്. ആരോഗ്യ സേതു ആപ്പിലെ വിവരപ്രകാരം നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററും ഐ.ടി മന്ത്രാലയവും ചേർന്നാണ് അപ്പ് വികസിപ്പിച്ചതെന്നാണ് ഉള്ളത്. എന്നാൽ ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സേതു ആരുണ്ടാക്കിയെന്നോ എങ്ങനെ ഉണ്ടാക്കിയെന്നോ അറിയില്ലെന്നാണ് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം, നാഷണൽ ഇൻഫോർമാറ്റിക് സെൻ്റർ, നാഷണൽ ഇ ഗവേർണൻസ് ഡിപാർട്ടുമെൻ്റുകൾ വിവരാവകാശ അപേക്ഷയില് പറയുന്നത്.
എന്നാൽ മന്ത്രാലയത്തിൻ്റെ മറുപടി തൃപ്തികരമല്ലെന്നും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ദേശിയ വിവരാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ആരാണ് ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചത് എന്നത് ‘ഒഴിവാക്കുന്ന ഉത്തരങ്ങൾ’ എന്ന വിഭാഗത്തിലാണ് പെടുത്തിയത്. അധികൃതർ വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും നോട്ടീസിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ പറയുന്നു.
ആപ്ലിക്കേഷൻ നിർമാണം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുന്നതിൽ വിവിധ മന്ത്രാലയങ്ങൾ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് സൌരവ് ദാസ് ഇൻഫോർമേഷൻ കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി. ആപ്പ് നിർദ്ദേശിച്ചതാര്, അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, നിർമ്മാണത്തിൽ പങ്കാളികളായ കമ്പനികൾ, ആപ്പ് നിർമാണവുമായി ബന്ധപ്പെട്ട വ്യക്തികളും സർക്കാർ വകുപ്പുകളും, ആപ്പിക്കേഷൻ വികസിപ്പിക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ കരാറുകളുടെ പകർപ്പുകൾ തുടങ്ങിയ വിശദാംശങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ല. ആപ്പ് നിർമാണം സംബന്ധിച്ച വിവരങ്ങളില്ലെന്ന് നാഷണൽ ഇൻഫോർമാറ്റിക് സെൻ്റർ അറിയിച്ചതോടെ ഐടി മന്ത്രാലയം ദേശിയ ഇ-ഗവേർണൻസ് ഡിവിഷനിലേക്ക് കെെമാറി. അപേക്ഷയിൽ പറഞ്ഞ വിവരങ്ങൾ തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നായിരുന്നു മറുപടി. പിന്നാലെയാണ് ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും ദേശീയ ഇ-ഗവേർണൻസ് ഡിവിഷനും വിവരാവകാശ കമ്മീഷൻ വിശദീകരണം തേടിയത്.
content highlights: Who Created Aarogya Setu? RTI Body Pulls Up Government Over Evasive Reply