ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രഹരം നീങ്ങി ഇന്ത്യ കരുത്താര്‍ജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധിയെ അതിജീവിച്ച് അഞ്ച് ട്രില്ല്യണ്‍ ഡോളറെന്ന സാക്ഷാത്കാരത്തിലേക്ക് ഇന്ത്യ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ 2023 ന് മുമ്പ് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഐഎംഎഫ് അടക്കം വിലയിരുത്തുന്നത്.
സാമ്പത്തിക രംഗത്തെ ഇപ്പോഴത്തെ സാഹചര്യമാകില്ല വരും വര്‍ഷങ്ങളില്‍ എന്ന് വ്യക്തമാക്കിയാണ് മോദി അഞ്ച് ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തില്‍ ഇന്ത്യയെത്തുമെന്ന് പ്രഖ്യാപിച്ചത്. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് നടപടി വരുമെന്നും മോദി പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പാക്കിയ ചരിത്രമാണി ബിജെപി സര്‍ക്കാരിനുള്ളതെന്നും അത് ജനങ്ങള്‍ക്ക് അറിയാമെന്നും മോദി ചൂണ്ടികാട്ടി. ആത്മ വിശ്യാസമില്ലാത്തവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, 2024 ല്‍ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് പ്രധാന വെല്ലുവിളികളായി പ്രതിപക്ഷം ഉയര്‍ത്തി കാട്ടുന്നത്. 10 ലക്ഷം സര്‍ക്കാര്‍ ജോലിയെന്നതാണ് ആര്‍ജെഡി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. ഇതിനിടെയാണ് സാമ്പത്തികരംഗം കരുത്താര്‍ജിക്കുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നല്‍കുന്നത്.
Content Highlight: PM Modi says India will achieve 5 trillion Dollar GDP