കൊവിഡ് ബാധിതരായ മൂന്നിലൊന്ന് ആളുകൾക്കും തലച്ചോറിൽ ചെറിയ തോതിൽ തകരാറുകൾ ഉണ്ടാകുന്നതായി പുതിയ പഠനം

Analysis Shows Nearly a Third of COVID-19 Patients Have Brain Abnormalities

കൊവിഡ് ബാധിതരായ മൂന്നിലൊന്ന് ആളുകൾക്കും തലച്ചോറിൻ്റെ മുൻഭാഗത്ത് ചെറിയ തോതിൽ തകരാറുകൾ ഉണ്ടാകുന്നതായി പുതിയ പഠനം. ഇത് സംബന്ധിച്ച 80 ഓളം പഠനങ്ങളാണ് യുറോപ്യൻ ജേണൽ ഓഫ് എപിലെപ്സിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 600 ഓളം ആളുകൾക്കാണ് ഇത്തരത്തിൽ തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. ഇതിനു മുൻ്പ് പഠനം നടത്തിയിരുന്നെങ്കിലും തെളിയിക്കാൻ സാധിച്ചില്ലെന്നും ഇപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചതെന്നും യുഎസിലെ ബെയ്ലർ കോളേജ് ഓഫ് മെഡിസിനിലെ ന്യാറോളജി അസിസ്റ്റന്റ് പ്രൊഫസർ സുൽഫി ഹനീഫ വ്യക്തമാക്കി.

കൊവിഡ് ബാധിതരായ ആളുകളിൽ അപസ്മാരത്തിന് സമാനമായ ലക്ഷങ്ങളുള്ളവർ, സംസാരിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർ, മയക്കത്തിൽ നിന്നെഴുനേൽക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നിവർക്ക് ഇഇജി പരിശോധന നടത്തണമെന്നും ഗവേഷകർ വ്യക്തമാക്കി. തലച്ചോറിന്റെ മുൻ ഭാഗങ്ങളിൽ പ്രതികരണം കുറയുന്നതു പോലുള്ള ലക്ഷണങ്ങളാണ് ഇഇജിയിൽ പൊതുവേ കാണാൻ സാധിക്കുന്നത്. ഈ അസാധാരണ മാറ്റങ്ങൾ തലച്ചോറിലുണ്ടായ ഏതെങ്കിലും രീതിയിലുള്ള തകരാറുകളായി അനുമാനിക്കാമെന്ന് ഗവേഷകർ അഭിപ്രായപെട്ടു.

മൂക്കിലൂടെയോ വായിലൂടെയോ ആണ് കൊറോണ വൈറസ് ശരീരത്തിനകത്ത് പ്രവേശിക്കുന്നത്. തലച്ചോറിന്റെ മുൻഭാഗം ഈ വൈറസ് പ്രവേശന മേഖലക്ക് സമീപത്തായതിനാലാകാം വൈറസ് തലച്ചോറിനെ ഇത്തരത്തിൽ ബാധിക്കുന്നത്. വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഓക്സിജൻ തോതിലുണ്ടാകുന്ന മാറ്റങ്ങൾ, കൊവിഡ് മൂലമുണ്ടാകുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും കൊവിഡ് പാർശ്വഫലങ്ങൾ എന്നിവയും തലച്ചോറിലെ തകരാറിനെ സ്വാധീനിച്ചേക്കാം.

Content Highlights; Analysis Shows Nearly a Third of COVID-19 Patients Have Brain Abnormalities