ലൈഫ് ഫ്‌ളാറ്റ് അഴിമതി: യൂണിടാക് ഉടമ നല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് ശിവശങ്കറിന്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ലൈഫ് പദ്ധതിയിലും കുരുങ്ങി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ലൈഫ് പദ്ധതിയില്‍ ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമായതോടെയാണ് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ നിര്‍മാണ കരാറിനായി യൂണിടാക് ഉടമ കമ്മീഷന്‍ തുകയ്ക്ക് പുറമേ വാങ്ങി നല്‍കിയ അഞ്ച് ഐ ഫോമുകളില്‍ ഒന്ന് ലഭിച്ചത് ശിവശങ്കറിനാണെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് നല്‍കിയ വിശദാംശത്തിലാണ് ശിവശങ്കര്‍ ഐ ഫോണ്‍ വിവരവും ചേര്‍ത്തത്. ഉപയോഗിക്കുന്ന രണ്ട് ഫോണുകളുടെ ഐഎംഇഐ നമ്പരുകളാണ് ശിവശങ്കര്‍ ഇഡിക്ക് നല്‍കിയത്. അതിലൊരു ഫോണിന്റെ നമ്പര്‍ യൂണിടാക് കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ വിവരത്തിലുമുണ്ട്. ഒരു ലക്ഷത്തോളം വില വരുന്ന ഫോണാണ് ശിവശങ്കറിന് യൂണിടാക് സമ്മാനിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതിലൊരു ഫോണ്‍ ലഭിച്ചിട്ടുണ്ടെന്ന സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിലെ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ചെന്നിത്തലയ്ക്ക് എന്ന് പറഞ്ഞാണ് സ്വപ്‌ന വാങ്ങിയതെന്ന് എന്ന മൊഴി പുറത്ത് വന്നതോടെയാണ് വിവാദം കെട്ടടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കേസില്‍ അഞ്ചാമത്തെ പ്രതിയാണ് ശിവശങ്കര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പ്രകാരം ഏഴ് ദിവസത്തേക്കാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

Content Highlights: ED will question M Sivasankar on Life Mission Scam