മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു; സന്ദീപ് നായര്‍

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് ജില്ലാ ജഡ്ജിക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്ത്. മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഉന്നത നേതാവിന്റെ മകന്റെ പേര് കൂടി പറയണമെന്നും ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പേരുകള്‍ പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കത്തില്‍ വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കത്തിലുണ്ട്.

കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം സന്ദീപ് നായരെ ഡോളര്‍ കടത്ത് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ അറസ്റ്റിനുള്ള അനുമതിയും ലഭിച്ചിരുന്നു. നിലവില്‍ കോഫെപോസ വകുപ്പു പ്രകാരം തടവ് അനുഭവിക്കുകയാണ് സന്ദീപ് നായര്‍. അതേസമയം ഈ കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വിഷയത്തില്‍ പരിശോധിക്കുമെന്നും ഇ.ഡി. പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നിർബന്ധിച്ചുവെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് പൊലീസുകാരി മൊഴി നൽകിയിരുന്നു. സ്വപ്നയുടെ എസ്കോർട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയന്റേതാണ് മൊഴി. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്.

content highlights: Kerala gold smuggling: Sandeep Nair against Enforcement Directorate