സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ലഭിച്ചത് കോടിയേരിയുടെ ഭാര്യയ്ക്ക്; കസ്റ്റംസ് ചോദ്യം ചെയ്യും

Gold Smuggling Case - Customs have given notice for Vinodini Kodiyeri

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്. സ്വര്‍ണക്കടത്ത് വിവാദമാവും വരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ വഴിയാണ് സിംകാർഡ് കണ്ടത്തിയത്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴ നല്‍കിയതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, പദ്മനാഭ ശര്‍മ്മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്ക് കിട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

content highlights: Gold Smuggling Case – Customs have given notice for Vinodini Kodiyeri