തിരുവനന്തപുരം: കൊവിഡില്‍ നിന്ന് മുക്തി നേടിയവരില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡാനന്തര ക്ലിനിക്കുകള്‍ തുടങ്ങാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് തുടങ്ങാനാണ് ആലോചന. ആരോഗ്യ പ്രശ്‌നങ്ങളുടെ തീവ്രത അനുസരിച്ചായിരിക്കും രോഗികള്‍ക്ക് ചികിത്സ കേന്ദ്രം നിശ്ചയിക്കുക.
ഗുരുതരമായ പ്രശ്‌നങ്ങളുള്ളവര്‍ താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റും. ടെലി മെഡിസിന്‍ സംവിധാനം ഉപയോഗിച്ചും രോഗമുക്തര്‍ക്ക് ചികിത്സ തേടാം. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെയായിരിക്കും കോവിഡാനന്തര ആശുപത്രികളില്‍ നിയമിക്കുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാംക്രമിക രോഗങ്ങളുടെ ചുമതലയുളള ഡെപ്യൂട്ടി ഡിഎംഒമാരാണ് ജില്ലാതലങ്ങളില്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍. തളര്‍ച്ച, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളാണ് കോവിഡ് മുക്തരില്‍ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്. പലരിലും ഇത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നു. ചിലര്‍ക്ക് നേരത്തേ ഉള്ള രോഗങ്ങള്‍ ഗുരുതരമാകുന്നുമുണ്ട്.
കൊവിഡ് മുക്തരായവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തിലാണ് അവര്‍ക്കായി വിദഗ്ധ ചികിത്സ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഒരുക്കുന്നത്. രോഗമുക്തര്‍ എല്ലാ മാസവും ഇവിടെത്തി ചികിത്സ നല്‍കാനും നിര്‍ദ്ദേശമുണ്ട്.
Content Highlight: Kerala Government to start Post Covid Centers