ഇടുക്കിയിൽ അസം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമർദനം; തലയോട്ടിക്ക് പൊട്ടലേറ്റു

5-year-old child brutally attacked in Idukki

ഇടുക്കി ഉണ്ടംപ്ലാവിൽ അസം സ്വദേശിയായ അഞ്ചു വയസുകാരന് ക്രൂരമർദ്ദനമേറ്റു. അച്ഛൻ്റെ സഹോദരനാണ് കുട്ടിയെ മർദ്ദിച്ചത്. മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും അന്തരിക രക്തസ്രാവമുണ്ടായി. ഇന്നലെ വെെകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഇന്നലെ മർദ്ദനത്തിന് ശേഷം കുട്ടിക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ രാവിലെ ആയതോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തൊടുപുഴ ആശുപത്രിയിൽ എത്തിച്ച കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവരുന്നത്. 

മരപ്പണിക്കായെത്തിയ അസം സ്വദേശികളുടെ മകനാണ് മർദ്ദനമേറ്റത്. വർഷങ്ങളായി ഇവർ കേരളത്തിലാണ് താമസിക്കുന്നത്. കുട്ടിയുടെ അച്ഛൻ്റെ സഹോദരൻ കുട്ടിയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ആശാവർക്കർമാർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  

content highlights: 5-year-old child brutally attacked in Idukki