ഇടുക്കിയിൽ പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

Rape survivor tries to commit suicide in Idukki died

ഇടുക്കിയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയായ പെൺകുട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒക്ടോബർ 22നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. പെൺകുട്ടിയുടെ അയൽവാസിയും ഡിവെെഎഫ്ഐ പ്രവർത്തകനുമായ മനു മനോജാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുമായി സൌഹൃദം സ്ഥാപിച്ച ശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുളിമുറിയിൽ കയറിയ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ഉടൻ തന്നെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇവിടെവെച്ച് പെൺകുട്ടിയുടെ നില മെച്ചപ്പെട്ടെങ്കിലും ഇന്നല രാത്രിയോടെ മോശമാവുകയും മരിക്കുകയുമായിരുന്നു.  

content highlights: Rape survivor tries to commit suicide in Idukki died