മുകേഷ് ഖന്നയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം; വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് ജനങ്ങള്‍ കേട്ടതെന്ന് താരം

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ നടന്‍ മുകേഷ് ഖന്ന പ്രതികരണവുമായി രംഗത്ത്. സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് എതിരല്ലെന്നും മീ ടു ക്യാമ്പെയിന്റെ തുടക്കത്തെക്കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞതെന്നുമാണ് മുകേഷ് ഖന്നയുടെ വെളിപ്പെടുത്തല്‍. വീഡിയോ വിവാദമായതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് താരത്തിന് സമൂഹ മാധ്യമങ്ങളില്‍ നിന്ന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് താരം തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.

https://fb.watch/1upGYfUB3d/

തന്റെ വീഡിയോയുടെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ചിലര്‍ നടത്തിയതെന്നാണ് താരത്തിന്റെ ആരോപണം. വിവാദത്തിന് കാരണമായ ഇന്റര്‍വ്യൂവിന്റെ പൂര്‍ണ രൂപവും ചേര്‍ത്താണ് സമൂഹ മാധ്യമത്തില്‍ മുകേഷ് ഖന്ന പ്രതികരണം അറിയിച്ചത്. കുട്ടികളെ വീട്ടില്‍ ഒറ്റക്ക് നിര്‍ത്തേണ്ടി വരുന്നത് പോലെ വീടിന് പുറത്ത് പോയി സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്ന് മുകേഷ് ഖന്ന പറഞ്ഞു.

സ്ത്രീകള്‍ ജോലി ചെയ്യുന്നതില്‍ എതിരല്ലെന്നും നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞെന്നും ഖന്ന പ്രതികരിച്ചു. പ്രതിരോധ മന്ത്രി, ധനകാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, തുടങ്ങി ശൂന്യാകാശത്തുവരെ സ്ത്രീകള്‍ എത്തി. പിന്നെ എങ്ങനെയാണ് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഞാന്‍ എതിരാവുകയെന്നും അദ്ദേഹം ചോദിച്ചു. ഒരു വര്‍ഷം മുമ്പ് എടുത്ത വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നതെന്നും അതില്‍ ജോലികളുടെ ജോലി സ്ഥലത്തെ സുരക്ഷയെക്കുറിച്ചാണ് പറഞ്ഞതെന്നും മുകേഷ് ഖന്ന പ്രതികരിച്ചു.

Content Highlight: Mukesh Khanna defends his statement against Women