അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappaly ramchandran controversial remark

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. യുഡിഎഫിന്‍റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം.

സോളാര്‍ കേസ് മുൻനിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. പ്രസംഗം വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. എന്നാല്‍ മുല്ലപ്പള്ളി നടത്തിയത് അങ്ങേയറ്റം സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ കേസെടുക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാറിന്‍റെ ചെയ്തികളെ തുറന്നുകാട്ടാനാണ് ശ്രമിച്ചത്, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു

Content Highlights; mullappaly ramchandran controversial remark