നാക്കു പിഴച്ചു; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് സിന്ധ്യ; ഞൊടിയിടയില്‍ തിരുത്ത്

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാക്കു പിഴ. ഗ്വാളിയാര്‍ ധാബ്രയിലെ റാലിയിലാണ് സ്ഥാനാര്‍ത്ഥിയായ മന്ത്രി ഇമര്‍തി ദേവിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തിയ സിന്ധ്യ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയെന്ന് ആഹ്വാനം ചെയ്തത്. ഞൊടിയിടയില്‍ തന്നെ അബദ്ധം മനസ്സിലാക്കി സിന്ധ്യ തിരുത്തി പറഞ്ഞു.

സെക്കന്റുകള്‍ മാത്രം ദൈര്‍ഖ്യമുള്ള വീഡിയോ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. പ്രസംഗത്തിനിടയില്‍ തന്റെ സ്വതസിദ്ധ ശൈലിയില്‍ കൈകളുയര്‍ത്തി ‘നവംബര്‍ മൂന്നിന് വോട്ടിങ് യന്ത്രത്തിലെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുക, കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കുകയെന്നാണ് സിന്ധ്യ പറഞ്ഞത്. ഉടനെ തന്നെ അബദ്ധം മനസ്സിലാക്കി താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി കോണ്‍ഗ്രസിനെ ഒഴിവാക്കുകയെന്ന് സിന്ധ്യ തിരുത്തി.

‘സിന്ധ്യാജി, മധ്യപ്രദേശിലെ ജനം കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് വീഡിയോ പങ്കു വെക്കുന്നത്. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച ഇമര്‍തി ദേവിക്കും സമാന അബദ്ധം സംഭവിച്ചിരുന്നു.

Content Highlight: Scindia asks voters to ‘push hand symbol button; faux pas video goes viral