കേരളത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍; അന്തിമ തീരുമാനം ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആലോചന. നയപരമായ തീരുമാനത്തിലെത്തിയാല്‍ ഈ മാസം 15ന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷ പരിഗണിച്ച് ആദ്യഘട്ടത്തില്‍ 10,12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് തീരുമാനം. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനത്തിലെത്തൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് കൂടുതലുള്ള മേഖലകളില്‍ ക്ലാസുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒക്ടോബര്‍ 15 ന് ശേഷം നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ മടിച്ചു നില്‍ക്കുകയായിരുന്നു. യുപിയിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ തുറന്നിരുന്നു. ഈ മാസം 16 മുതല്‍ തമിഴ്‌നാട് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ തുറക്കുന്നതിനായി എല്ലാ ജില്ലകളിലെയും വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കാന്‍ അധികം സമയമില്ലെന്ന ആശങ്കയിലാണ് ആദ്യ ഘട്ടത്തില്‍ ഇവര്‍ക്ക് ക്ലാസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ധേശിക്കുന്നത്.

Content Highlight: Kerala to Reopen Schools