തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനം സജ്ജമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താമെന്ന അഭിപ്രായമാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് വിന്യാസത്തിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് സേനയെ വിട്ടു നല്‍കുമെന്നും ഡിജിപി പറഞ്ഞു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനുള്ള നടപടികളും കമ്മീഷന്‍ ആലോചിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്താകും ഇക്കാര്യത്തില്‍ ധാരണയിലെത്തുക.

വ്യാഴാഴ്ച്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനാണ് സാധ്യത. ബുധനാഴ്ച്ച ചീഫ് സെക്രട്ടറിയുമായും തെരഞ്ഞെടുപ്പ കമ്മീഷന്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഉത്തരവ് പറയാനായി മാറ്റി.

Content Highlight: Ready for local elections; State Election Commission