വിയന്നയിൽ ആറിടങ്ങളിലായി തീവ്രവാദ ആക്രമണം; അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

2 Killed In Vienna

ഓസ്ട്രേലിയൻ തലസ്ഥാനമായ വിയന്നയിൽ ആറിടങ്ങളിൽ ഭീകരാക്രമണം. കഫേകളിലും റസ്റ്റോറൻ്റുകളിലും നടന്ന തീവ്രവാദി ആക്രമണത്തിൽ ഒരു അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പൊലീസുകാരനും ഉൾപ്പെടും. കൊവിഡിനെ തുടർന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ക്ഡൌണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറൻ്റുകളിലും എത്തിയ ആളുകൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. നഗരമധ്യത്തിലെ സജീവമായ തെരുവുകളിൽ രാത്രി എട്ടു മണിക്ക് ശേഷമാണ് വെടിവെയ്പ്പ് ഉണ്ടായത്. ആറ് സ്ഥലങ്ങളിൽ വെടിവെപ്പുണ്ടായി. 

അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഭീകരരിൽ ഒരാളെ വധിച്ചെങ്കിലും നിരവധി ഭീകരർ പുറത്ത് പലയിടങ്ങളിലായി ഇപ്പോഴും വിലസുന്നുണ്ടെന്ന് ഓസ്ട്രിയൻ ചാൻസലർ സെബസ്റ്റ്യൻ കുർസ് പറഞ്ഞു. അക്രമകാരികളുടെ ലക്ഷ്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവയ്പ്പ് നടന്നതിനാൽ യഹൂദ വിരുദ്ധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടന്നയിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അക്രമികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തോക്കുധാരികളെ പിന്തുടരാൻ പൊലീസിനെ നിയോഗിച്ചതിനാൽ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കാവൽ ഏർപ്പെടുത്താൻ സെെന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി കാൾ നെഹമ്മർ പബ്ലിക് ബ്രോഡ്കാസ്റ്റർ പറഞ്ഞു. തോക്കുധാരികൾ തെരുവിലൂടെ നടക്കുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. 

content highlights: 2 Killed In Vienna “Terror Attack” At 6 Locations; 1 Gunman Shot Dead