ബിഹാര്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍; പത്ത് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; മധ്യപ്രദേശ് നിര്‍ണായകം

പട്‌ന: ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. രാഷ്ട്രീയവും ജാതി സമവാക്യങ്ങളും ശക്തമായ മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 17 ജില്ലകളിലെ 94 നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേദസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവരാണ് ജനവിധി തേടുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പ കൂടാതെ പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭ സീറ്റുകളിലേക്കും ഇന്ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 28 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലാണ് നിര്‍ണായക തെരഞ്ഞെടുപ്പ്. ജ്യോതിരാദിത്യ സിന്ധ്യ മത്സരത്തിനുണ്ടെന്നതും ഏവരും ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാക്കി മധ്യപ്രദേശിനെ മാറ്റുന്നുണ്ട്.

അതേസമയം, ബിഹാറിലെ അതീവ പിന്നാക്ക പ്രദേശങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ന്യൂനപക്ഷം, പിന്നാക്കം, അതി പിന്നാക്കം, ദളിത്, മഹാദളിത് വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ ഏറെയുള്ള സീമാഞ്ചല്‍ പ്രദേശം മുന്നണികള്‍ക്കെല്ലാം വെല്ലുവിളിയാണ്. പരമ്പരാഗതമായി ആര്‍ജെഡിക്ക് പിന്തുണ നല്‍കാറുള്ള മേഖല, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിലയുറപ്പിച്ചതും ഇത്തവണ പാര്‍ട്ടികളെ സമ്മര്‍ദ്ധത്തിലാക്കുന്നുണ്ട്.

Content Highlight: Bihar on Second phase election