യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിധി കുറിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ വോട്ടെടുപ്പിൽ വൻ തോതിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപ് രംഗത്ത്. വോട്ടെണ്ണൽ നിർത്തി വെക്കണമെന്നാവശ്യപെട്ട് സുപ്രിം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ താൻ തന്നെയാണ് വിജയിച്ചതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു. ആഘോഷത്തിന് തയ്യാറെടുക്കാൻ പാർട്ടി അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപാണ് ട്രംപിന്റെ ആഹ്വാനം.
വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും തമ്മിൽ ഇഞ്ചോടിഞ്ച് പോരട്ടമാണ് അരങ്ങേറുന്നത്. 238 ഇലക്ട്രൽ വോട്ടുകളുമായി ജോ ബൈഡനാണ് മുന്നിൽ എന്നാൽ ഏറ്റവും ഒടുവിൽ എണ്ണിയ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും വിജയിച്ച് ട്രംപ് 213 ഇലക്ട്രൽ വോട്ടെന്ന നേട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. പുലർച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകൾ എണ്ണരുതെന്നാണ് ട്രംപിന്റെ ആവശ്യം. വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് നേരത്തെ ജെ ബൈഡൻ മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപും വിജയം അവകാശപെട്ട് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights; US Election 2020: Trump claims victory