സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ റെയ്ഡ്; എകെജി സെന്ററില്‍ സിപിഎം അടിയന്തിര യോഗം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ റെയ്ഡ് നടക്കുന്നതിനിടെ എകെജി സെന്ററില്‍ അടിയന്തിര യോഗം വിളിച്ച് സിപിഎം. ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡും, സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമാണ് സിപിഎമ്മിന് തലവേദനയായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് പാര്‍ട്ടി നേതാക്കളും എകെജി സെന്ററിലേക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കണ്ണികളില്‍ കുരുക്ക് മുറുക്കായതാണ് അടിയന്തര യോഗം ചോരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിന് ശേഷം നിരവധി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഭാര്യ ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ചതോടെ ഇഡി സംഘം വീട്ടില്‍ നിന്ന് പുറത്ത് പോയില്ല. ബുധനാഴ്ച്ച ഒമ്പത് മണിയോടെ ബിനീഷിന്റെ വീട്ടിലെത്തിയ സംഘം വ്യഴാഴ്ച്ച ഉച്ചയോടടുക്കാറായപ്പോഴാണ് ബിനീഷിന്റെ ഭാര്യയെയും കുടുംബത്തെയും പുറത്ത് വിട്ടത്.

അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനാണ് മുഖ്യമന്ത്രിുടെ ഓഫീസിലെ രണ്ടാം വിക്കറ്റെന്ന പ്രതിപക്ഷ ആരോപണത്തിന് കരുത്ത് പകരുന്നതാണ് രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍.

Content Highlight: CPM urgent meeting conducted on AKG Center