കാലടി സര്‍വ്വകലാശാലയില്‍ വീണ്ടും നിയമന വിവാദം: സിപിഎം സഹയാത്രികയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്

കൊച്ചി: കാലടി സര്‍വ്വകലാശാലയില്‍ വീണ്ടും അദ്ധ്യപക നിയമന വിവാദം. നിയമന ശുപാര്‍ശയുമായി സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മറ്റിക്ക് അയച്ച കത്ത് പുറത്ത്. പാര്‍ട്ടി അനുഭാവിയായ ഡോ. സംഗീത തിരുവളിന് വേണ്ടിയാണ് ശുപാര്‍ശക്കത്ത്. ധീവര സമുദായ സംവരണത്തില്‍ സംഗീതയ്ക്ക് യൂണിവേഴ്സിറ്റിയില്‍ ജോലിയും ലഭിച്ചു.

2009 സെപ്തംബറില്‍ എഴുതിയിരിക്കുന്ന കത്താണിത്. സംഗീതയ്ക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കാലടി സര്‍വ്വകലാശാലയില്‍ നേരത്തെ മുന്‍ എംപി എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പറവൂര്‍ ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ കത്ത് പുറത്തുവരുന്നത്. സിപിഎം ഏരിയ കമ്മിറ്റിയുടെ സീല്‍ പതിപ്പിച്ച ലെറ്റര്‍ പാഡിലാണ് കത്ത് എഴുതിയിരിക്കുന്നത്. കാലടി സര്‍വ്വകലാശാലയിലെ മലയാളം അസി. പ്രൊഫസര്‍ തസ്തികയിലേക്ക് സംഗീതയെ ഇന്റര്‍വ്യൂവിന് വിളിച്ചിട്ടുണ്ട്. കഴിയുന്ന സഹായം ചെയ്ത് നല്‍കണമെന്നാണ് കത്തിലെ ഉള്ളടക്കം.

കത്ത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും യോഗ്യത ഉള്ളതിനാലാണ് സംഗീതയ്ക്ക് ജോലി നല്‍കിയതെന്ന് മലയാളം വിഭാഗം മേധാവി ലിസി മാത്യു പ്രതികരിച്ചു. അപേക്ഷിച്ച അഞ്ച് പേരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാണ് സംഗീത ജോലിയ്ക്ക് യോഗ്യത നേടിയതെന്നും ലിസി മാത്യു പറഞ്ഞു.

Content Highlight: Again Job controversy in Kalady University