ഹരിയാനയിലെ സോണിപത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 20 അസ്വാഭാവിക മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സോണിപത്തിലെ നാല് കോളനികളിൽ നിന്നായിട്ടാണ് 20 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് മരിച്ചവരിൽ എല്ലാവരും. 20 പേരിൽ 16 പേരുടേയും മരണകാരണം വ്യക്തമല്ല. മാധ്യമവാർത്തകളിലൂടെയാണ് പൊലിസ് മരണവിവരങ്ങൾ അറിയുന്നത്.
മരണം സംബന്ധിച്ച് ആരും ഇതുവരെ പരാതിപെടാത്തതും ദുരൂഹമായി കണക്കാക്കുന്നു. പരാതികളില്ലാത്തതിനാൽ പല മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. ഒടുവിലായി മരണം സംഭവിച്ച നാല് പേരുടെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വ്യാജ മദ്യം കഴിച്ചാണോ ഈ മരണങ്ങൾ സംഭവിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
20 പേരിൽ മരിച്ച ഒരാൾക്ക് മദ്യം ഉപയോഗിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ മൃതദേഹത്തിൻ്റെ അടുത്തുനിന്ന് മദ്യകുപ്പി ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ മറ്റുള്ളവരുടെ ബന്ധുക്കളാരും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടില്ല. മൃതദേഹത്തിൻ്റെ രാസപരിശോധന ഫലങ്ങൾ പുറത്തുവന്നതിന് ശേഷം മാത്രമേ ഇത് ഉറപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
content highlights:20 deaths in 3 days in Sonipat, police suspect illicit liquor as a cause in Haryana