സർക്കാർ ഉദ്യോേഗസ്ഥനെ പരസ്യമായി ചെരിപ്പൂരി അടിച്ച് ബിജെപി നേതാവ്

Video of BJP leader Sonali Phogat beating official in Haryana goes viral

സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി ചെരുപ്പു കൊണ്ടടിക്കുന്ന ബിജെപി നേതാവിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി കൊണ്ടിരിക്കുകയാണ്. ഹരിയാണ ഹിസാർ ജില്ലയിലെ ബൽസാമന്ദ് മാർക്കറ്റ് കമ്മിറ്റി സെക്രട്ടറി സുൽത്താൻ സിങിനെ ഒരു ദാക്ഷിണ്യവുമില്ലാതെ ചെരുപ്പൂരി അടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ വിവാദം ആളിക്കത്തുകയാണ്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ബൽസമാന്ദ് മാർക്കറ്റ് സന്ദർശിക്കുന്നതിനിടയിൽ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് സൊണാലി ഫോഗട്ടും സുൽത്താൻ സിങും തമ്മിൽ തർക്കമുണ്ടായി. സംസാരത്തിനിടയിൽ ക്ഷുഭിതനായ ഫോഗട്ട് സുൽത്താനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. സുൽത്താൻ സിങ് തന്നോട് മോശമായ രീതിയിൽ സംസാരിച്ചതിനെ തുടർന്നാണ് അടിക്കാനിടയുണ്ടായതെന്നാണ് ഫോഗട്ട് പോലീസിന് മൊഴി നൽകിയത്. സംഭവം നടക്കുമ്പോൾ പോലീസുൾപെടെയുള്ളവർ പരിസരത്തുണ്ടായിരുന്നിട്ടും ആരും ഇടപെടാൻ തയ്യാറായില്ല.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ നിങ്ങളെ പോലുള്ളവരിൽ നിന്നും അധിക്ഷേപം സഹിച്ചാണൊ ഞാൻ പ്രവർത്തിക്കേണ്ടതെന്നും മാന്യമായ ജീവിതം നയിക്കാൻ എനിക്ക് അവകാശമില്ലെയെന്നും, തനിക്ക് ജീവിച്ചിരിക്കാൻ ഒരു തരത്തിലും അർഹതയില്ലെന്നും ഫോഗട്ട് സുൽത്താൻ സിങ്ങനോട് പറയുന്നത് വ്യക്തമായി കേൾക്കാൻ സാധിക്കും. ഇതിനു പിന്നാലെ വൻ പ്രതിഷേധമാണ് ബിജെപി നേതാവിനെതിരെ ഉയർന്നത്. സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സംഭവത്തിൽ ഫോഗട്ടിനെതിരെ നടപടിയെടുക്കണമെന്നും സർക്കാർ ജോലി ചെയ്യുന്നത് ഒരു കുറ്റമാണൊയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചു കൊണ്ട് പറഞ്ഞു.

Content Highlights; Video of BJP leader Sonali Phogat beating official in Haryana goes viral