കേന്ദ്രം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അസ്വസ്ഥരാണ്; അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച കേന്ദ്ര മന്ത്രിമാരെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. അര്‍ണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് പ്രതികരിച്ച മന്ത്രിമാര്‍ക്കെതിരെയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മന്ത്രിമാരാണ് അര്‍ണബിന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്ത് വന്നത്.

ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് കൊന്ന സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയമാണെന്നാണ് പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചത്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ ശരിക്കും ആശയക്കുഴപ്പത്തിലാണെന്നും പ്രതികരണം വ്യക്തമാക്കുന്നതായി പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രകാശ് ജാവദേക്കറുമാണ് അര്‍ണബിന്റെ അറസ്റ്റിനെ അടിയന്തരാവസ്ഥയോട് ഉപമിച്ചത്. അറസ്റ്റ് റിപബ്‌ളിക് ടിവിക്കും അര്‍ണബിന്റെ വ്യക്തിസ്വാതന്ത്രത്തിനും ജനാധിപത്യത്തിന്റെ നാലാം തൂണിനും എതിരായ അധികാര ദുര്‍വിനിയോഗമാണിതെന്നും അമിത് ഷാ ആരോപിച്ചു. സ്മൃതി ഇറാനിയും അര്‍ണാബിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായ്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്റെ മകളുടെ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് അറസ്റ്റ്.

Content Highlight: Prasanth Bhushan against Central Ministers on supporting Arnab Go swami