സി എം രവീന്ദ്രന് കൊവിഡ്; ചോദ്യം ചെയ്യലിനെത്തില്ലെന്ന് ഇഡിക്ക് കത്ത് നല്‍കി

കൊച്ചി: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ അറസ്റ്റിലായതോടെ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി മുഖ്യമന്ത്രി ഓഫീസിലെ മറ്റൊരു അധികാര കേന്ദ്രമായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരാകാനാവില്ലെന്ന് അറിയിച്ചു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഇ മെയില്‍ വഴി ഇഡിയെ അറിയിച്ചത്.

ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെവഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പനിയും ശരീര വേദനയും കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ രവീന്ദ്രനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

കസ്റ്റഡിയിലുള്ള എം.ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ സി.എം.രവീന്ദ്രനെയും ആദിത്യനാരായണ റാവുവിനെയും ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി നീക്കം. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് നാരായണ റാവുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Content Highlight: C M Raveendran Test Covid Positive