ബിലീവേഴ്‌സ് ചര്‍ച്ചിന്റേത് വന്‍ സാമ്പത്തിക കുംഭകോണം; 5 വര്‍ഷത്തിനുള്ളില്‍ 6000 കോടി വിദേശ സഹായം

കൊച്ചി: വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടക്കുന്നത് സാമ്പത്തിക കുംഭകോണമെന്ന് ആദായ നികുതി വകുപ്പ്. വിദേശ സഹായമായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 6000 കോടി ചര്‍ച്ചിന് ലഭിച്ചെന്നാണ് കണ്ടെത്തല്‍. വിദേശ സഹായവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്.

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 54 ലക്ഷം രൂപയും ഫോണും ഇന്നലെ പിടിച്ചെടുത്തിരുന്നു. അതിന് ശേഷം നടത്തിയ റെയ്ഡിലാണ് കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

റെയ്ഡില്‍ ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ചാരിറ്റിക്കായി സ്വീകരിക്കുന്ന തുക അതിനായി തന്നെ ചെലവഴിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിന് നല്‍കണമെന്നുമുള്ള നിയമം ലംഘിച്ചായിരുന്നു ചര്‍ച്ചിന്റെ പ്രവര്‍ത്തനം. നല്‍കിയ കണക്കിലും വലിയ പൊരുത്തക്കേട് അധികൃതര്‍ കണ്ടെത്തി. ഇതെല്ലാം കൊണ്ടു തന്നെ വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.

Content Highlight: Income Tax Department on Believers Church Scam