രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനാവശ്യം; എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന സിപിഎം ആവശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്‌സ് തമിഴ്‌നാട് ഘടകമാണ് എതിര്‍പ്പറിയിച്ച് രംഗത്ത് വന്നത്. പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന കാര്യം തമിഴ്‌നാട്ടില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

സിപിഎം എം പി എസ് വെങ്കിടേശന്‍ പ്രതികളുടെ മോചനം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. എന്നാല്‍, നളിനി, പേരറിവാളന്‍ ഉള്‍പ്പെടെ 7 പ്രതികളും കൊലപാതകികള്‍ തന്നെയാണെന്ന നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. 2014ല്‍ ജയലളിത സര്‍ക്കാരാണ് നളിനി, പേരറിവാളന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെയും വിട്ടയക്കാന്‍ ശുപാര്‍ശ നല്‍കിയത്. സിബിഐയുടെ അന്വേഷണത്തില്‍ രാജീവ് വധത്തിന്റെ കാതലായ കാരണങ്ങളെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ലെന്നും അവ്യക്തമായ കുറ്റപത്രത്തിന്‍മേലാണ് പേരറിവാളനും നളിനിയുമടക്കമുള്ളവര്‍ മൂന്ന് പതിറ്റാണ്ടോളം ജയിലില്‍ കിടന്നതെന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.

കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ശിക്ഷാവിധി പൂര്‍ത്തിയാക്കിയ ശേഷം ഐപിസി 302 പ്രകാരം കൊലകുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

Content Highlight: Congress opposes release of Rajiv Gandhi assassination convicts