മതഗ്രന്ഥ വിതരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ ടി ജലീലിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്ത സംഭവത്തില്‍ രണ്ടാം തവണയും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് കസ്റ്റംസ്. തിങ്കളാഴ്ച്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ജലീലിന് നോട്ടീസ് അയച്ചിരിക്കുന്നത്.

സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രണ്ടാമതും ജലീലിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. കേസ് സംബന്ധിച്ച് എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഈന്തപ്പഴ ഇറക്കുമതി സംബന്ധിച്ചും ജലീലിനെതിരെ കേസെടുത്തിരുന്നു. ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്ന കണ്ടെത്തലിലായിരുന്നു നടപടി.

Content Highlight: Customs called K T Jaleel again for interrogation