ബാലുശ്ശേരിയിൽ പീഢനത്തിനിരയായ കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി

Government has taken treatment for a six-year-old girl in Kozhikode

കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പീഢനത്തിനിരയായ നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയായ മകളുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി സുപ്രണ്ടിൽ നിന്നും വിവരങ്ങൾ തേടിയതായും വിദഗ്ദ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബാലാവകാശ കമ്മീഷൻ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടിരുന്നു. കുട്ടിക്കും കുടുംബത്തിനും വേണ്ട എല്ലാ സഹായവും നൽകുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

അതേസമയം പീഢന കേസിൽ അറസ്റ്റിലായ പ്രതി ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ നിന്നും ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ രണ്ടാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. കൈക്കും തോളിനും കാലിനും പരിക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights; Government has taken treatment for a six-year-old girl in Kozhikode