സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കില്ല; വയനാട്ടില്‍ സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട്ടില്‍ ആരംഭിക്കാനിരുന്ന സ്വകാര്യ മെഡിക്കല്‍ കോളേജെന്ന തീരുമാനം തള്ളി സംസ്ഥാന സര്‍ക്കാര്‍. സ്വന്തം നിലയില്‍ സര്‍ക്കാര്‍ തന്നെ സ്ഥലം ഏറ്റെടുത്ത് വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ ഉന്നതതല യോഗത്തില്‍ തീരുമാനമായി.

സ്വകാര്യ മെഡിക്കല്‍ കോളേജായ ഡിഎം വിംസ് ഏറ്റെടുക്കാന്‍ ഡോ.ആസാദ് മൂപ്പന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് തള്ളുകയായിരുന്നു. ഡി.എം. വിംസിന്റെ ഉടമസ്ഥരായ ഡി.എം. എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മെഡിക്കല്‍ കോളേജിനായി ചന്ദ്രപ്രഭാ ചാരിറ്റബിള്‍ 50 ഏക്കര്‍ ഭൂമി വിട്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ പങ്കെടുത്തു.

Content Highlight: Government will establish Medical College in Wayanad