എല്ലാ മേഖലയിലും സ്ത്രീകളോടുള്ള സമീപനം മാറേണ്ടതുണ്ട്; കമല്‍ നാഥിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: ബിജെപി വനിത നേതാവ് ഇര്‍മതി ദേവിക്കെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് നടത്തിയ ഐറ്റം പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. വ്യക്തിപരമായി താന്‍ അത്തരത്തിലൊരു ഭാഷ ഇഷ്ടപ്പെടുന്നില്ലെന്നും അത് അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പ്രതികരണം അറിയിച്ചത്.

കമല്‍ നാഥ് തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള ആളാണെങ്കിലും വ്യക്തിപരമായി അത്തരം പരാമര്‍ശങ്ങളോട് താല്‍പര്യമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയിടെ പ്രതികരണം. എല്ലാ മേഖലയിലും സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കമല്‍ നാഥിന്റെ പ്രതികരണം നിര്‍ഭാഗ്യമായി പോയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെയാണ് ഇത്തരമൊരു പരാമര്‍ശം നടന്നതെങ്കില്‍ സോണിയ ഗാന്ധി ക്ഷമിക്കുമോയെന്ന് ചോദിച്ച് ഇര്‍മതി ദേവി തന്നെ രംഗത്തെത്തിയിരുന്നു. ഒരു അമ്മ കൂടിയായ സോണിയ ഗാന്ധിയോട് ഇത്തരം ആളുകളെ പാര്‍ട്ടിയില്‍ നിര്‍ത്തരുതെന്നും ഇര്‍മതി ദേവി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ ഇര്‍മതി ദേവിക്കെതിരെ കമല്‍ നാഥ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ താന്‍ സ്ത്രീകളെ ബഹുമാനിക്കുന്നെന്നും പരാമര്‍ശം അവഹേളനമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

Content Highlight: Rahul Gandhi on Kamal Nath’s statement against Women leader