അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു; സാഹചര്യം ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും രാഹുൽ ഗാന്ധി

Rahul Gandhi

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതല്‍ 77 വരെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. അന്നു സംഭവിച്ചത് തെറ്റായിരുന്നുവെന്നും ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്നും കോൺഗ്രസ് ഒരിക്കലും രാജ്യത്തിന്റെ ഭരണസംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും യുഎസിലെ കോർണൽ യൂണിവേഴ്സിറ്റി പ്രഫസറും ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസുവുമായുള്ള അഭിമുഖത്തിൽ രാഹുൽ പറഞ്ഞു. 

ഇപ്പോള്‍ സംഭവിക്കുന്നത് തീര്‍ത്തും വ്യത്യസ്തമാണ്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് അവരുടെ ആളുകളെ നിറക്കുകയാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയാലും ഭരണഘടനാസ്ഥാപനങ്ങളെ ഉടനെയൊന്നും മോചിപ്പിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യസ്വാതന്ത്ര്യത്തിനായി പോരാടുകയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വത്തിനായി നിലകൊള്ളുകയും ചെയ്യുന്ന ചെയ്യുന്ന കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യത്തിനായി വാദിക്കുന്നയാളാണ് താനെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. യുവജനസംഘടനകളിലും തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവെച്ചെന്നും അതിന്റെ പേരില്‍ നിരവധി തവണ തന്നെ മാധ്യമങ്ങള്‍ വേട്ടയാടിയെന്നും രാഹുല്‍ പറഞ്ഞു.

content highlights: “Absolutely, It Was A Mistake”: Rahul Gandhi On Emergency