ബജ്റംഗ് ദൾ നേതാവ് വെടിയേറ്റ് മരിച്ച സംഭവം; ജെഡിയു മന്ത്രിയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

JD(U) minister booked for murder, blames political rivals

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കവേ ഭരണകക്ഷിയായ ജെഡിയു മന്ത്രിയ്ക്കെതിരെ കൊലകുറ്റത്തിന് കേസ്. ബജ്റംഗ് ദൾ നേതാവ് ജയ് ബഹാദൂർ സിങ്ങിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി രാംസേവക് സിങ്ങിനെതിരെയാണ് കേസെടുത്തത്. ബഹാദൂർ സിങ്ങിൻ്റെ പേരക്കുട്ടി ധീരേന്ദ്ര സിങ്ങിൻ്റെ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 120 ബി (ഗൂഢാലോചന), 302 (കൊലപാതകക്കുറ്റം) എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ഭരണകക്ഷിക്ക് വോട്ട് ചെയ്യണമെന്ന പ്രചാരണത്തെ എതിർത്തതിന് ജയ് ബഹാദൂർ സിങ്ങിനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് മന്ത്രിയ്ക്കെതിരെയുള്ള കേസ്. മോട്ടർ ബെെക്കിലെത്തിയ രണ്ടുപേർ ബഹാദൂർ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ജയ് ബഹാദൂർ സിങ്ങിനെ അറിയാമെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും രാംസേവക് സിങ് പറഞ്ഞു. ആർജെഡി മനപൂർവ്വം തൻ്റെ പേര് സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രിയെ കൂടാതെ മറ്റ് അഞ്ച് പേർക്കെതിരേയും ധീരേന്ദ സിങ് പരാതി നൽകിയിട്ടുണ്ടെന്നും ഭൂമിതർക്കം ഉൾപ്പെടെ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ് സൂപ്രണ്ട് മനോജ് തിവാരി പറഞ്ഞു. ബഹദൂർ സിങിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്.  

content highlights: JD(U) minister booked for murder, blames political rivals