‘രാമനും സീതയും രാവണനെ പരാജയപ്പെടുത്തിയതുപോലെ’; ദീപാവലി സന്ദേശവുമായി ബോറിസ് ജോൺസൺ

കൊവിഡ് മഹാമാരിക്കിടയിലെ ആദ്യത്തെ വിർച്ച്വൽ ദീപാവലി ഉത്സവത്തിന് ആശംസകളറിയിച്ച് ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇരുട്ടിനേയും തിന്മയേും മറികടക്കുന്ന പ്രകാശത്തിൻ്റെ ആഘോഷം കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള ശുഭാപ്തി വിശ്വാസമാണ് നൽകുന്നതെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. 

ഒരുപാട് വെല്ലുവിളികൾ മുന്നിലുണ്ടെന്ന് അറിയാം. പക്ഷെ ഇരുട്ടിന് പ്രകാശത്തെ കീഴടക്കാൻ കഴിയുമെന്നും തിന്മയെ നന്മകൊണ്ട് ജയിക്കാൻ കഴിയുമെന്നും അജ്ഞതയെ അറിവുകൊണ്ട് കീഴടക്കാൻ കഴിയുമെന്നുമുള്ള ദീപാവലി സന്ദേശം പോലെ ഈ വെെറസിനെ കീഴടക്കാൻ രാജ്യത്തിലുള്ള ആളുകളുടെ നല്ല മനോഭാവവും ഊർജ്ജവും കരുത്തുകൊണ്ടും സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രാവണനെ കീഴ്പ്പെടുത്തിയതിന് ശേഷം സീതയും രാമനും വീട്ടിലേക്കുള്ള വഴി കണ്ടെത്തിയതുപോലെ, ജനങ്ങൾ ലക്ഷക്കണക്കിന് ദീപങ്ങൾ കൊളുത്തി ഇവരെ സ്വീകരിച്ചതുപൊലെ നമുക്കും ഈ സാഹചര്യത്തിൽ വിജയകരമായ ഒരു വഴി കണ്ടെത്താം. അത് ആഘോഷമാക്കുകയും ചെയ്യാം. അദ്ദേഹം പറഞ്ഞു. 

കൊവിഡ് വ്യാപനത്തിൽ യുകെയിൽ രണ്ടാം ഘട്ട ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഘോഷങ്ങളെല്ലാം വേണ്ടെന്നു വെച്ച് മഹാമാരിയോടു പൊരുതുന്ന രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ ബോറിസ് ജോൺസൺ അഭിനന്ദിക്കുകയും ചെയ്തു. ബോറിസ് ജോൺസൻ്റെ സന്ദേശത്തോട് കൂടി മൂന്നു ദിവസത്തെ ദീപാവലി ആഘോഷങ്ങൾക്കാണ് യുകെയിൽ തുടക്കം കുറിച്ചത്. നൃത്ത പരിപാടികൾ, യോഗ, സംഗീതം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലയിലുള്ള ബ്രിട്ടീഷ് ഇന്ത്യൻ കമ്മ്യൂണിറ്റി ചാമ്പൻമാരെ അനുമോദിക്കുന്ന അവാർഡ് ദാന ചടങ്ങും ഈ ദിവസങ്ങളിൽ നടത്തും. 

content highlights: “Like Lord Ram And Sita Defeated Ravana”: UK PM Boris Johnson’s Diwali Message On COVID-19